ബെര്‍ലിന്‍: 37 വര്‍ഷമായി ക്രിസ്തീയ ഭക്തിഗാന മേഖലയില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കുമ്പിള് ക്രിയേഷന്‍സ് ഇത്തവണയും ക്രിസ്മസ് ആല്‍ബമൊരുക്കി ശ്രദ്ധേയമായി. രചനയ്ക്കും സംഗീതത്തിനും എറെ പ്രാധാന്യം നല്കിയ ഹൃദ്യമായ കരോള്‍ ഗാനം "ക്രിസ്മസിന് ഹാപ്പിനസ്' ആസ്വാദകര്‍ ഇതിനോടകം നെഞ്ചിലേറ്റിക്കഴിഞ്ഞു.
റിലീസ് ചെയ്ത ആദ്യദിനംതന്നെ ഗാനം യുട്യൂബില്‍ വൈറലായി. 15,000 ലധികം പ്രേക്ഷകരാണ് ഇതുവരെയായി ഗാനം ആസ്വദിച്ചത്. ജര്‍മനിയിലെ സീറോമലങ്കര കത്തോലിക്കാ സമൂഹത്തിന്റെ യുവജനവിഭാഗമായ എംസിവൈഎമ്മിന്റെ നേതൃത്വത്തില്‍ ബോണിലെ ഹൈലിഗ് ഗൈസ്റ്റ് ദേവാലയ ഹാളില്‍ നവംബര്‍ 29ന് സംഘടിപ്പിച്ച ക്രിസ്മസ് കാരള്‍ഗാന മത്സരവേദിയിലാണ് "ക്രിസ്മസിന് ഹാപ്പിനസ്' ആല്‍ബം പ്രകാശനം ചെയ്തത്.
ചടങ്ങില്‍ ജോസ് കുമ്പിളുവേലില്‍ ആല്‍ബത്തെ പരിചയപ്പെടുത്തി. കൊളോണ്‍ അതിരൂപതയുടെ (ഐകെഎസ്) ഇന്റര്‍നാഷണല്‍ കാത്തലിക് പാസ്റ്ററല്‍ കെയര്‍ ആൻഡ് യൂത്ത് കോഓര്‍ഡിനേറ്ററും സീറോമലങ്കര സ്പരിച്വല്‍ ഡയറക്ടറുമായ റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് ആമുഖപ്രസംഗം നടത്തി.
സീറോമലങ്കര കത്തോലിക്കാ സഭ ജര്‍മനി കോഓര്‍ഡിനേറ്റര്‍ ഫാ. സന്തോഷ് തോമസ് കോയിക്കല്‍ അധ്യക്ഷത വഹിച്ചു. സിഎംഐ സഭ ജര്‍മന്‍ ഡെലിഗേഷന് സുപ്പീരിയര്‍ ഫാ. ജോര്‍ജ് വടക്കിനേഴത്ത് സിഎംഐ, ഫാ. ജോണ്‍ ചരുവിള (തിരുവനന്തപുരം രൂപതാംഗം), സി.ലിന്‍ഡ എസ്എബിഎസ്, എംസിവൈഎം ആനിമേറ്റര്‍ സി. മെറിന് എസ്ഐസി, എംസിവൈഎം, പ്രസിഡന്റ് ഷാന്റി സാം എന്നിവര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.